അറുപത്തിരണ്ടു വർഷങ്ങൾക്കു മുൻപ് 1949-ൽ തെള്ളിയൂർ ഇപ്പോഴത്തെ പള്ളിപടിക്ക് ചുറ്റുപാടുമുള്ള പ്രദേശത്തെ ക്രിസ്ത്യാനികൾ വെണ്ണിക്കുളം ഓർത്തഡോൿസ് പള്ളിയിലും കളമാടത്തു മാർത്തോമാ പള്ളിയിലും കൂടിവരികയാരുന്നു. ദൂരക്കൂടുതൽമൂലം പലവിധത്തിലുള്ള ബുദ്ധിമുട്ടുകൾ സഹിച്ചുകൊണ്ടിരുന്നതിനാൽ തെള്ളിയൂരിൽ ഒരു ക്രിസ്തീയ ദേവാലയം ഉണ്ടാക്കണം എന്ന ആഗ്രഹം പൊന്തിവന്നു. അതിന്റെ അടിസ്ഥാനത്തിൽ പുത്തൻമഠത്തിൽ കെ ടി എബ്രഹാം, കണക്കൽ കെ ഓ എബ്രഹാം, അങ്ങാടിയിൽ തോമസ് ചാണ്ടി, തൈപ്പറമ്പിൽ വർഗീസ്, താഴത്തെകൂട് എബ്രഹാം എന്നീ അഞ്ചു വ്യക്തികൾ മുൻകൈ എടുത്തു പലരും ആയി കണ്ടു സംസാരിച്ചു. തുടർന്ന് അങ്ങാടിയിൽ മത്തായി തോമസ്, അങ്ങാടിയിൽ ചക്കിട്ടമുറിയിൽ ജോസഫ് മാത്യു, അങ്ങാടിയിൽ മാത്യു ജോർജ്, തിരുവാറ്റാൽ ഗീവർഗീസ് എന്നീ നാല് വ്യക്തികളും കൂടെ ആ ആഗ്രഹം സഫലീകരിക്കാൻ അവരോടൊപ്പം ചേർന്നു. അങ്ങനെ ഒമ്പതു വീട്ടുകാർ മുൻകൈ എടുത്തതിൻറെ ഫലം ആയി വെണ്ണിക്കുളം കത്തോലിക്കാ പള്ളിയില്ലെ ഇടവക അംഗം ആയിരുന്ന തുണ്ടിയിൽ ശ്രീമാൻ കുഞ്ഞുമായി ബന്ധപെട്ടു ഇപ്പോഴത്തെ പാറക്കടവ് കുരിശിനു കിഴക്കു ഭാഗത്തായി “കുറുപ്പംപറമ്പ്” എന്ന് അറിയപ്പെട്ടിരുന്നിടത്തു അമ്പതു സെൻറ് സ്ഥലം സൗജന്യമായും അമ്പതു സെന്റ് സ്ഥലം വിലക്കുമായി മൊത്തം ഒരേക്കർ സ്ഥലം ശ്രീമാൻ തുണ്ടിയിൽ കുഞ്ഞ് പള്ളിക്കായി തന്നു. അവിടെ പള്ളി ചാപ്പൽ നിർമിക്കുകയും പതിനാറു കുടുംബ അംഗങ്ങൾ ഇടവകക്കാരായി സത്യപ്രതിജ്ഞ ചെയ്ത് ബഹു. ജോസഫ് പട്ടാശ്ശേരിൽ അച്ഛൻ വികാരിയായി ശ്രുശ്രൂഷകൾ നടത്തി വന്നു.
“കുറുപ്പംപറമ്പ്” സ്ഥിരമായി ഒരു ദേവാലയത്തിന് പറ്റിയ സ്ഥലം അല്ലെന്ന് വിലയിരുത്തി സൗകര്യപ്രദമായ ഒരു സ്ഥലം അന്വേഷിച്ചുകൊണ്ടിരിക്കുമ്പോൾ മൈലാടുംപാറയിൽ ശ്രീമാൻ എം ജി വർഗീസിനെ സമീപിച്ചു ഇപ്പോൾ ദേവാലയം സ്ഥിതി ചെയ്യുന്ന ഒരേക്കർ സ്ഥലം തരണമെന്ന് ആവശ്യപ്പെട്ടു. പകരമായി കുറുപ്പംപറമ്പിലെ ഒരേക്കർ സ്ഥലവും 1000 /- രൂപയും കൊടുത്തു തിരുവല്ല രൂപതക്കുവേണ്ടി ഒരേക്കർ സ്ഥലം എഴുതി വാങ്ങി. ബഹു. ചെറിയാൻ പോളച്ചിറക്കൽ അച്ഛൻറെ (ഭാഗ്യസ്മരണാർഹനായ അത്താനാസിയോസ് തിരുമേനി) നേതൃത്വത്തിൽ പരേതനായ സുസന്തോണി മേസ്തിരി പള്ളി പണിപൂർത്തിയാക്കി. 1953 ഫെബ്രുവരി മാസത്തിൽ ഭാഗ്യസ്മരണാർഹരായ ജോസഫ് മാർ സേവേറിയോസ് തിരുമേനിയും സക്കറിയാസ് മാർ അത്താനാസിയോസ് തിരുമേനിയും കൂടി പള്ളിയുടെ കൂദാശ കർമം നിർവഹിച്ചു.
കുരിശടികൾ
ഇടവകയിൽ നാല് കുരിശടികൾ സ്ഥാപിച്ചിട്ടുണ്ട്. കോളഭാഗം ജംഗ്ഷനിൽ അതിനില്കുന്നതിൽ ചാണ്ടിയുടെ കുടുംബം ദാനം ചെയ്ത സ്ഥലത്തു വി. വേളാങ്കണ്ണി മാതാവിൻറെ നാമത്തിൽ ഒരു കുരിശ്ശടിയും അതോടൊപ്പംതന്നെ മണലൂർ തോമസ് ഡാനിയേൽ സംഭാവന ചെയ്ത സ്ഥലത്തു (പള്ളിക്കു പടിഞ്ഞാറുവശം റോഡ് സൈഡിൽ) വേളാങ്കണ്ണി മാതാവിൻറെ നാമത്തിൽ മറ്റൊരു മനോഹരമായ കുരിശ്ശടിയും പണിയിച്ചു. തടിയൂർ ജംഗ്ഷനിൽ താഴത്തേക്കുറ്റു ടി ടി സ്കറിയ (കുഞ്ഞച്ചൻ) സ്വന്തം സ്ഥലത്തു ഇടവകയുടെ മറ്റൊരു കുരിശ്ശടിയും സ്ഥിതി ചെയ്യുന്നു. പള്ളിയുടെ മുൻവശത്തു സ്ഥിതി ചെയ്യുന്ന വി. ഗീവർഗീസ് പുണ്യാളൻറെ നാമത്തിൽ നിർമിച്ചിരിക്കുന്ന കുരിശടി ചാക്കോ മുട്ടത്തുപറമ്പിൽ അച്ഛൻറെ കാലത്തു പുതുക്കിപണിയിച്ചു.